പ്രവാസിയുടെ ധനശാസ്ത്രം

കനലിന്നകക്കാമ്പി-

ലുയിരുണർന്ന

മണൽനാടിൻ വെയിലേ-

റ്റതിൽ കുരുത്തോൻ!

 

മുപ്പതുനാളിൻറെ

വേർപ്പും കിതപ്പുമൊ-

രിത്തിരി ദിർഹമായ്

കയ്യിൽ നിറഞ്ഞനാൾ

 

അഷ്ടിക്കൊരിത്തിരി-

നീക്കിയുള്ളപ്പാവം

ലോഭനപ്പാതകൾ

താണ്ടിക്കടന്നവൻ

 

മിച്ചമതൊക്കെയും

നാട്ടിലെത്തിക്കുവാൻ

എക്സ്ചേഞ്ചിലെത്തി

ത്തരിച്ചുപോയന്നയാൾ!

 

അർത്ഥ വിശാരധർ

വാഴുമെൻ നാടിൻറെ

രൂപയ്ക്കു വീണ്ടും

വിലയിടിഞ്ഞിന്നലെ!

 

“ഡോളർ കിതച്ചനാൾ

രൂപ താഴ്ന്നെങ്കിലും

ഡോളർ കുതിക്കുമ്പോൾ

താഴ്ന്നതെന്തിവ്വിധം!”

 

വിലതകർന്നയ-

വസരമാവോളം

നുകരുവാൻ ജനം

തിരക്കുമ്പോളാരിത്!

 

 

മിഴിച്ചു കൗണ്ടറി-

ലിരുന്ന കോമളൻ!

വേർപ്പിൽ മുഷിഞ്ഞ തൻ

വാക്കാൽ മൊഴിഞ്ഞയാൾ

 

“ഇതിലെന്ത് കൗതുകം

കുഞ്ഞേ! കനിവറ്റ

കമ്പോളവേനൽ

തിളക്കുന്ന നാട്ടിലെ

 

കൂരയ്ക്കു തണലേ-

കുവാൻ തൻറെ ആയു-

സ്സെരിക്കുവോനുള്ളി-

ലാളുമാധിമാത്രം!

 

ചില്ലിക്കണക്കിൽ നീ

പങ്കിട്ടെടുപ്പതെൻ 

പൊന്നു രാജ്യത്തിൻറെ

രക്തവും മാംസവും”!

 

ആരെൻറെ രൂപയെ

യാങ്കിക്കരൻസിക്കു

കാണാചരടിൽ

 

കൊരുത്തിട്ടുദാരനായ്‌!

 

 download PDF version