ഇത് കേരളം തന്നെയല്ലേ

വൃത്താന്ത പത്രം നീർത്തി

വാർത്തകൾ കണ്ണോടിക്കേ

സന്ദേഹിപ്പു ഞാനിതെൻ

കേരളം തന്നെയല്ലേ!

 

 

കുഞ്ഞിനിന്നമ്മത്തൊട്ടിൽ

വൃദ്ധനു വൃദ്ധാലയം

ആർത്തിപ്പറവെച്ചേതു-

മളക്കാൻ നിഷാദർ നാം!

 

പീഡനം അഴിമതി

രാഷ്ട്രീയക്കൊല കൊള്ള

എന്നുമീക്കുടിലത

കണികണ്ടുണരുവോർ

 

വാദിയെ പിച്ചിക്കീറി

ഇരയെ പ്രതിയാക്കി

ചാനൽ ചർച്ചതൻ താരാ-

ട്ടേറ്റുറങ്ങുവോർ നമ്മൾ!

 

കൊടികൾ നരച്ചുപോ-

യാദർശമതിലേറെ

ത്യാഗികൾ രാഷ്ട്രീയത്തിൽ

കുലമറ്റുപോയ് പണ്ടേ!

 

അപായപ്പെട്ടോർ റോഡിൽ

ചോരയിൽ പിടയുമ്പോൾ

ക്യാമറക്കണ്ണാൽ നോക്കാൻ

കനിവറ്റവർ നമ്മൾ!

 

പെണ്ണൊരു ഭോഗയന്ത്ര-

മെത്ര പൈതലാകിലും

കടിച്ചു കീറാനോങ്ങും

വൃകമാനസർ നമ്മൾ!

 

ആർജവമൊഴിഞ്ഞിത്ര

നിസ്സംഗരായെന്നു നാം

എത്രമാറിനാമിതെൻ

കേരളം തന്നെയല്ലേ!

 

download PDF version