വൃദ്ധസദനം

ഫ്ലാറ്റിലൊട്ടില്ലയിടം

വെറുതെ പാഴാക്കീടാൻ 

‘മാഡ’ത്തിനാണേലേറ്റം

ചതുർഥി ‘പുരാവസ്തു’!

 

വൃദ്ധയാം മാതാവിനെ

തെരുവിലുപേക്ഷിച്ചോൻ

നിരത്തി മാലോർമുന്നിൽ

പ്രാരാബ്ധ തൊടുന്യായം!

 

ആർക്കുമില്ലതിശയം

മൂക്കത്തു വെക്കാൻ വിരൽ!

അത്രമേൽ സാധാരണം

വൃദ്ധരെ നടതള്ളൽ!

 

പ്രത്യാശാനിറഗർഭ-

മേറെനാൾ ചുമന്നവൾ

വാത്സല്യ മധുമുഗ്ദ്ധ-

മാവോളം ചുരത്തിയോൾ

 

തണലു നിനക്കേകി

വെയിലേറ്റെരിഞ്ഞവൾ

പേമാരികളിൽ നിൻറെ

കുടയായ് കുതിർന്നവൾ!

 

ന്യായങ്ങളനവധി

അന്യായം ചെയ്-വോർക്കെന്നാൽ 

ശരണം വൃദ്ധക്കിനി

അന്യൻറെ ദയത്തിണ്ണ!

 

എത്ര ശീതീകരണി

വെച്ചുനീതണുപ്പിക്കും

അമ്മിഴിയിന്നുതിർക്കും

തീഷ്ണമാക്കണങ്ങളെ!

“മാതാവിൻ കാൽചുവട്ടി 

ലാണുനിൻ സ്വർഗം കുഞ്ഞേ” 

പ്രോജ്വല പ്രവാചക 

വചനം താക്കീതോർക്ക!

 

വിനയാന്വിതരാവാം

വൃദ്ധരോടേറ്റം നമ്മൾ

കാരുണ്യച്ചിറകകൾ

വിരിക്കാം മടിക്കാതെ!

download PDF version