വിദ്യാഭ്യാസം

ഏവർക്കുമൊരേസ്വപ്നം

മക്കളെ ഡോക്ടറാക്കാൻ

ആർത്തി തന്നഭിരുചി

“കാശുവാരിടാംപിന്നെ”!

 

വിദ്യാർത്ഥിയധ്യാപകൻ

രണ്ടാൾക്കുംവിദ്യാലയ

മുറ്റത്തുകാലുകുത്താൻ

"ഡൊണേഷനെത്രതരും"

 

കടമ്പപ്പരീക്ഷക-

ളേറെയുണ്ടെന്നാലൊറ്റ-

ച്ചോദ്യത്തിന്നുത്തരത്തിൽ

തീർന്നുമൂല്യനിർണ്ണയം!   

 

വിദ്യയില്ലിന്നുവെറു-

മഭ്യാസം വിദ്യാഭ്യാസം!

ബിരുദമിന്നേവർക്കും

പേരിനെ കനപ്പിക്കാൻ!

 

നൂറിൽ നൂറല്ലോ പണ്ടേ-

സ്സാക്ഷരർ കേരളീയർ

കുറ്റകൃത്യക്കണക്കി-

ലതിരാക്ഷസർ പക്ഷേ!

 

മാതൃത്വം വൃദ്ധാലയ-

ത്തുറുങ്കിലടക്കുവോർ-

ക്കിത്തിരി നോവില്ലെങ്കി-

ലെന്തിനീ വിദ്യാഭ്യാസം!

 

 

ആതുരാലയംനീളെ

കനിവറ്റവാരാദ്യം

സ്റ്റെതസ്ക്കൊപ്പെടുക്കുന്നു

കീശതൻ മിടിപ്പൊപ്പാൻ

 

ബിരുദമിന്നേവർക്കും

പേരിനു കൊഴുപ്പേകാൻ!

മർത്യസംസ്കൃതിക്കല്ലേ-

ലെന്തിനീ വിദ്യാഭ്യാസം!