പേർഷ്യക്കാരൻ

പതിറ്റാണ്ടുകൾ മുമ്പേ

കൈരളി വറുതിയിൽ

അഷ്ടിക്കുവകയില്ലാ-

തലഞ്ഞ ദൈന്യതയിൽ!

 

അറബിക്കടലിലൂ-

ടജ്ഞാത തീരംതേടി

അതിസാഹസർചിലർ

തുഴഞ്ഞു പായ്-വഞ്ചിയിൽ!

 

പേർഷ്യതൻ പറുദീസാ-

തീരമെത്തിയോർ തുച്ഛം!  

ഗൾഫിലെ പ്രവാസത്തിൻ

നാന്ദിയിട്ടവരാദ്യം!

 

നിസ്വരായ് ജീവിച്ചേറ്റം

മിച്ചമാക്കിയോരർഥം

കേരളം സമൃദ്ധിയി

ലാക്കുവാൻ ചിലവിട്ടോർ!

 

എത്രയോ തലമുറ

കഴിഞ്ഞുവെന്നാലിന്നും

അന്യരായവരുണ്ടി

ന്നാട്ടിലുമന്നാട്ടിലും!