പ്ലാസ്റ്റിക് ദിർ‍ഹം

 തലേ ദിവസം പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്ന കാര്യങ്ങളോര്‍ത്തുള്ള ഓട്ടമാണ് എന്നും രാവിലെ ഓഫീസിലേക്ക്. സാമ്പത്തിക മാന്ദ്യത്തിന്റെ  തൊട്ടു മുന്‍പുവരെ രണ്ടു മുന്ന് പേരിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ എന്റെ ഒറ്റയാള്‍ പോരാട്ടം. 

ദുബായിലെ ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാരുടെ സ്ഥിതിയിപ്പോള്‍ ഇങ്ങിനെയൊക്കെയാണ്.

അറിയുന്ന ജോലിയല്ലേ എന്നുകരുതി കൌതുകത്തിന് പല ഘട്ടങ്ങളിലായി തലയില്‍ കയറ്റിവെച്ചവയാണ് ഇവയോരോന്നും. ആദ്യം തന്നെ എനിക്കറിയില്ലയെന്ന ഒറ്റ വാചകത്തില്‍ തീരുമായിരുന്ന അത്തരം കാര്യങ്ങളാണ് എന്റെ ദിവസത്തിന്റെ ഏറിയ പങ്കും ഇന്ന് അപഹരിക്കുന്നത്. നാല് ഭാഗത്തുനിന്നും വിളിവന്നു പൊരിയുന്ന ദിവസങ്ങളില്‍ എന്റെ വെപ്രാളം കണ്ടു അടുത്ത കാബിനിലിരുന്നു ചിരിച്ചു കൊണ്ട് മനോജ്‌ പിറുപിറുക്കുന്നത് കാണുമ്പോളാണ് എനിക്ക് സ്ഥലകാല ബോധമുണ്ടാവുന്നത്.

അത്തരം തലയ്ക്കു തീപിടിച്ച ദിവസങ്ങളിലാണ് വഹീദ്  സ്വതസിദ്ധമായ ശൈലിയില്‍ മിസ്കോളുകളും പിന്നീട് കളക്റ്റ് കോളുകളും (സ്വീകര്‍ത്താവിന്റെ ചിലവില്‍ ഫോണ്‍ വിളിക്കാവുന്ന ദരിദ്ര കാലത്തിന്റെ ആശയവിനിമയ ഉപായമാണിത്) നിരന്തരം ചെയ്തു ബുദ്ധിമുട്ടിക്കുക. അവനെ പറഞ്ഞിട്ടും കാര്യമില്ല. ക്രഡിറ്റു കാര്‍ഡുകാരോ ബാങ്കുകാരോ വിളിച്ചു ശല്യപ്പെടുത്തുന്ന എല്ലാ വാതിലുകളും അടഞ്ഞ അവസരങ്ങളിലാണവന്‍  എന്നെ ഇങ്ങനെ വിളിക്കുക.

നിക്ഷേപ-വായ്പാ അനുപാതത്തിലെ അന്തരം തിരിച്ചറിഞ്ഞ ബാങ്കുകള്‍ ഓഫീസുകളില്‍ കയറിയിറങ്ങി അര്‍ഹതപ്പെട്ടവനും അല്ലാത്തവനും ഉദാര വ്യവസ്ഥകളില്‍ ലോണുകളും  ക്രഡിറ്റു കാര്‍ഡുകളും നിര്‍ബന്ധിച്ചു കൊടുത്തിരുന്നതു ഏറെ മുമ്പോന്നുമല്ല.

ആ സമയത്ത് വഹീദിന്റെ വാല്ലെറ്റില്‍ നിറയെ ക്രഡിറ്റ്കാര്‍ഡുകളായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ ഒന്നിച്ചു താമസിക്കുന്ന താഴ്ന്ന വരുമാനക്കാരായ കുറെ കൂട്ടുകാരുമായി ഹോട്ടലുകളിലെ ബാറിലോ ഡാന്‍സ് ഹാളിലോ പോയിരുന്നുള്ള തിമര്‍പ്പായിരുന്നു. നേരം പുലരുന്നതുവരെ തുടരുന്ന ഇത്തരം ആഘോഷങ്ങള്‍ക്കവസാനം വെള്ളിത്തളികയിലെത്തുന്ന ബില്ലുകള്‍ക്ക് മുകളില്‍ കാശാണെന്ന വിചാരം പോലുമില്ലാതെ വെയ്ക്കുന്ന  ക്രഡിറ്റ് കാര്‍ഡുകളിലൊന്നില്‍ എന്‍ട്രി വീഴുമ്പോളേക്കും അവന്‍റെ ബോധവും ഏതാണ്ട് പോയിട്ടുണ്ടാവും.

ഇത്തരം ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായപ്പോള്‍ അവന്‍റെ  ക്രഡിറ്റു കാര്‍ഡുഡ്യുസും മുറയ്ക്ക് 
കൂടി കൊണ്ടിരുന്നു പിന്നീടവന് ദുരിതകാലത്ത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു അവന്റെ ജീവിതത്തില്‍
  കുടുംബം, കാമുകിമാര്‍ കൂട്ടുകാര്‍ ജോലി ..... എല്ലാം ഇതിനകം ഒലിചുപോയിരിക്കുന്നു  ഇപ്പോളിതാ ജയിലില്‍ നിന്നാണവന്റെ വിളി.